ജല ബജറ്റ് രൂപീകരണത്തിന് ധര്‍മ്മടം മണ്ഡലത്തില്‍ തുടക്കം

പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങൾക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്ന ജല ബജറ്റ് രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ധര്‍മ്മടം മണ്ഡലത്തില്‍ തുടക്കമായി.’രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജല ബജറ്റ് തയ്യാറാക്കുന്നത്. ഉറവ’ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. ധര്‍മടം മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളും ഭൂ സ്ഥിതിപരമായി  സാമ്യമുണ്ടെങ്കിലും ലഭിക്കുന്ന മഴയുടെ അളവ്, ഭൂമിയുടെ ചരിവ്, നീര്‍ത്തടങ്ങളുടെ വ്യാപ്തി, കാര്‍ഷികവല്‍കരണം, തരിശിടല്‍ തുടങ്ങിയ മേഖലകളില്‍ വളരെയധികം വ്യത്യസ്തമാണ്. അതുകൊണ്ട് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും പ്രത്യേകം ജലബജറ്റ് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ ഏതൊക്കെ പഞ്ചായത്തുകളില്‍ ജല സംബന്ധമായ നീക്കുപോക്കുകള്‍ വേണം എന്ന് കൃത്യതയോടെ മനസ്സിലാക്കും. കൃഷി രീതികളില്‍ വരുത്തേണ്ട മാറ്റങ്ങളും അത് വഴി എത്രത്തോളം ജലം സംരക്ഷിച്ചു ഉപയോഗിക്കാം എന്നും മനസ്സിലാക്കാന്‍ സാധിക്കും. ജലബജറ്റുകള്‍ തയ്യാറാവുന്നതോടെ മിച്ച ജലലഭ്യതയും അവയുടെ തുടര്‍ ഉപയോഗ ധാരണയും തയ്യാറാക്കും. ജല ഉപയോഗം കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ ഭരണ തലങ്ങളില്‍ ആസൂത്രണം ചെയ്യും. വേങ്ങാട് ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ശില്പശാലയിലാണ് മണ്ഡലത്തിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപന തലത്തിലും മണ്ഡല തലത്തിലും ജല ബജറ്റ് തയ്യാറാക്കുവാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌കര്‍, വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടര്‍ എ നിസ്സാമുദ്ദീന്‍, ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി സുരേന്ദ്രന്‍, മൈനര്‍ ഇറിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ എന്‍ രവീന്ദ്രന്‍, മേജര്‍ ഇറിഗേഷന്‍ അസി. എഞ്ചിനീയര്‍ ബിനോയ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി എല്‍ സുമ, ഭൂജല വകുപ്പ് സീനിയര്‍ ഹൈഡ്രോ ജിയോളജിസ്റ്റ് ബി ഷാബി, പഴശ്ശി ഇറിഗേഷന്‍ അസി.എക്‌സി എഞ്ചിനീയര്‍ ജയരാജന്‍, സി ഡബ്ല്യൂ ആര്‍ ഡി എം സയന്റിസ്റ്റ് ഡോ. വിവേക്, ജില്ലാ മണ്ണ് ജല സംരക്ഷണ ഓഫീസര്‍ രാജീവ്, കെ എല്‍ ഡി സി ഡെപ്യൂട്ടി പ്രൊജക്റ്റ് എഞ്ചിനീയര്‍ അര്‍ജുന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസി. എഞ്ചിനീയര്‍ ഗായത്രി, നവകേരളം കർമ്മപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ , ടൂറിസം വകുപ്പ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സൂരജ്, ശുചിത്വ മിഷന്‍ അസി. കോ ഓര്‍ഡിനേറ്റര്‍ കെ ആര്‍ അജയകുമാര്‍, ജില്ലാ ആസൂത്രണ സമിതിയുടെ സര്‍ക്കാര്‍ നോമിനി കെ വി ഗോവിന്ദന്‍, മണ്ഡലത്തിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

About The Author